09:13pm 21 June 2026
NEWS
ഇവന്മാർ ആള് ജപ്പാനാ..! ട്യുണീഷ്യയെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്
21/06/2026  12:15 PM IST
nila
ഇവന്മാർ ആള് ജപ്പാനാ..! ട്യുണീഷ്യയെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്

മെക്സിക്കോ സിറ്റി: തുടക്കം മുതൽ അവസാന വിസിൽ വരെ സമ്പൂർണ ആധിപത്യം പുലർത്തിയ ജപ്പാൻ, ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. മെക്സിക്കോ സിറ്റിയിൽ നടന്ന പോരാട്ടത്തിൽ വേഗതയാർന്ന ആക്രമണങ്ങളും കൃത്യമായ പാസിംഗും കൊണ്ട് ജപ്പാൻ എതിരാളികളെ പൂർണമായി നിഷ്പ്രഭരാക്കി.

മത്സരം തുടങ്ങി നാല് മിനിറ്റ് പിന്നിടും മുമ്പേ ജപ്പാൻ ലീഡിലെത്തി. ഇടതുവശത്ത് നിന്ന് നകാമുറ നൽകിയ കൃത്യമായ ക്രോസിനെ ഡെയ്ച്ചി കാമഡ വലയിലെത്തിച്ചതോടെ സ്കോർ 1-0. ആദ്യ ഗോളിന് പിന്നാലെ ജപ്പാൻ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ട്യുണീഷ്യൻ ഗോൾകീപ്പർ ദഹ്‌മന്റെ മികവുറ്റ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ തിരിച്ചടികൾ ഒഴിവാക്കി.

എന്നാൽ 31-ാം മിനിറ്റിൽ അയസെ ഉവേദയുടെ മികച്ച ഫിനിഷിലൂടെ ജപ്പാൻ ലീഡ് ഇരട്ടിയാക്കി. ബോക്സിന്റെ വലതുവശത്ത് നിന്ന് മുന്നേറിയ താരം താൽബിയെ മറികടന്ന് തൊടുത്ത ഷോട്ട് വലയിലേക്കെത്തിച്ചതോടെ ആദ്യപകുതി 2-0ന് ജപ്പാന്റെ നിയന്ത്രണത്തിലായി.

രണ്ടാം പകുതിയിൽ ചില മാറ്റങ്ങളുമായി ട്യുണീഷ്യ തിരിച്ചുവരാൻ ശ്രമിച്ചു. 50-ാം മിനിറ്റിൽ ഹാനിബാലിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ ജപ്പാൻ ആക്രമണത്തിന്റെ മൂർച്ച കുറച്ചില്ല. 69-ാം മിനിറ്റിൽ ഉവേദയുടെ മനോഹരമായ പാസിൽ നിന്ന് ഓഫ്സൈഡ് ട്രാപ്പ് മറികടന്ന ജൂൻയ ഇതോ ഗോൾകീപ്പറെ കീഴടക്കി മൂന്നാം ഗോൾ നേടി.

മത്സരത്തിന്റെ അവസാന ഘട്ടത്തിലും ജപ്പാന്റെ ആക്രമണവേഗം തുടർന്നു. 83-ാം മിനിറ്റിൽ സാനോ നൽകിയ ഉയർന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച ഉവേദ വ്യക്തിഗത രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി. അതോടെ ട്യുണീഷ്യയുടെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. വേഗതയും തന്ത്രശുദ്ധിയും ഒത്തുചേർന്ന ജപ്പാന്റെ പ്രകടനത്തിന് മുന്നിൽ ട്യുണീഷ്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img